തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് വലിയ രീതിയിലുള്ള അഴിച്ചുപണിയുമായി സർക്കാർ. ആഭ്യന്തര വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലത്തിന് കയർ വകുപ്പിന്റെ ചുമതല കൂടി നൽകി. ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫിന് ആയുഷ് വകുപ്പിന്റെയും ഡൽഹിയിലെ കേരള റസിഡന്റ് കമ്മീഷണർ പുനീത് കുമാറിന് സംസ്ഥാനാന്തര ജല വിഷയങ്ങളുടെയും അധികച്ചുമതല നൽകി.
എസ്.സുഹാസിന് ജലവിഭവ വകുപ്പിനൊപ്പം ഭവന വകുപ്പിന്റെ സ്പെഷൽ സെക്രട്ടറിയുടെയും കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷൻ (കെഐഐഡിസി) മാനേജിംഗ് ഡയറക്ടറുടെയും അധികച്ചുമതല ഉണ്ടായിരിക്കും. എൻ.പ്രശാന്ത് സ്പോർട്സ്, യുവജനകാര്യ, മ്യൂസിയം, മൃഗശാല, പുരാവസ്തു, ആർക്കൈവ്സ് വകുപ്പുകളുടെ സ്പെഷൽ സെക്രട്ടറിയായി സ്വതന്ത്ര ചുമതല വഹിക്കും.
പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ ഡി.ധർമലശ്രീ തദ്ദേശ വകുപ്പിൽ ഡപ്യൂട്ടി സെക്രട്ടറിയായി. സിവിൽ സപ്ലൈസ് കമ്മിഷണർ കെ.ഹിമയ്ക്കാണ് പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെ അധികച്ചുമതല. സുഫിയാൻ അഹമ്മദ് നഗരകാര്യ ഡയറക്ടറായി. പഞ്ചായത്ത് ഡയറക്ടർ അപൂർവ ത്രിപാഠി ഇൻഫർമേഷൻ കേരള മിഷൻ പ്രോജക്ട് ഡയറക്ടറുടെ അധികച്ചുമതല വഹിക്കും.
ജല അഥോറിറ്റി മാനേജിംഗ് ഡയറക്ടർ കെ.ഇമ്പശേഖർ സാംസ്കാരിക വകുപ്പ് ഡയറക്ടറാകും. ഇദ്ദേഹത്തിനു സഹകരണ റജിസ്ട്രാറുടെ അധികച്ചുമതലയും നൽകിയിട്ടുണ്ട്. സഹകരണ റജിസ്ട്രാർ എസ്.പ്രേംകൃഷണൻ ജലവിഭവ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയാകും. കൃഷി ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ കെഎഎസ്ഇയുടെ അധികച്ചുമതല വഹിക്കും.